പരേതനായ പ്രൊഫസര് പി.എ.സഹീദിന്റെ നേതൃത്വത്തില് 2001 ല് ട്രിവാന്ഡ്രം ഇസ്ലാമിക് മിഷന് ട്രസ്റ്റിന് കീഴില് മെഡിക്കല് കോളേജിനടുത്ത് മസ്ജിദ് റഹ്മ ആസ്ഥാനമായി മെഡിക്കല് ഗൈഡന്സ് & ഇന്ഫര്മേഷന് എന്ന സംരംഭത്തിന് തുടക്കം കുറിച്ചു. റീജിയണല് കാന്സര് സെന്റര്, മെഡിക്കല് കോളജ്, ശ്രീചിത്തിര ഹോസ്പിറ്റല് എന്നിവിടങ്ങളില് കാന്സര് പോലുള്ള ദീര്ഘ കാല ചികിത്സ ആവശ്യമായി വരുന്ന രോഗികള്ക്ക് ആശുപത്രികളിലെ ചികിത്സകളെയും അവയ്ക്ക് സർക്കാർ നല്കുന്ന ആനുകൂല്യങ്ങള് മുതലായവയെയും സംബന്ധിച്ച് മാര്ഗ്ഗ നിര്ദ്ദേശങ്ങള് നല്കുക, ആശുപത്രികളില് വെച്ച് മരണപ്പെടുന്നവരെ നാട്ടിലെത്തിക്കുവാന് വേണ്ട സൗകര്യങ്ങള് ഒരുക്കുക, രക്തധാനം, സൗജന്യ മരുന്ന് വിതരണം, ചികിത്സ കഴിഞ് നാട്ടിലേക്ക് മടങ്ങുവാന് സാമ്പത്തികമായി പ്രയാസപ്പെടുന്നവര്ക്ക് യാത്രാ ചെലവുകള് നല്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച മെഡിക്കല് ഗൈഡന്സ് & ഇന്ഫോര്മേഷന് സെന്ററാണ് അഭയകേന്ദ്രത്തിന് ബീജാവാപമായത്.
ട്രസ്റ്റ് സ്വന്തമായി വാങ്ങിയ 23 സെന്റ് സ്ഥലത്ത് ഒരു കെട്ടിടം പണിയുന്നതിന് ശ്രമങ്ങള് നടന്നെങ്കിലും സാമ്പത്തിക പരാധീനത നിമിത്തം വര്ഷങ്ങളോളം ആ സ്വപ്നം സാക്ഷാത്ക്കരിക്കാന് കഴിഞ്ഞില്ല. 2011 ല് ഖത്തറിലെ സൗത്ത് കേരള എക്സപാറ്റ്സ് അസോസിയേഷന് (SKEA) നിര്മാണത്തില് സഹകരിക്കാനുള്ള സന്നദ്ധത അറിയിക്കുകയും പ്രോജക്ടിന്റ ലോഞ്ചിങ് ഖത്തറില് ഡോ. വി.പി. ഗംഗാധരന് അവതരിപ്പിച്ച ഒരു കാന്സര് ബോധവല്ക്കരണ പരിപാടിയില് വെച്ച് നിര്വഹിക്കുകയും ചെയ്തു.
കുറഞ്ഞ നിരക്കില് വൃത്തിയും സുരക്ഷിതവുമായ താമസ സൗകര്യം എന്ന സാധുക്കളായ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും വര്ദ്ധിച്ചുവരുന്ന ആവശ്യങ്ങള് പരിഗണിച്ച് നിലവിലെ കെട്ടിടത്തിന്റെ പണി പൂര്ത്തിയാകുന്നതിന് മുമ്പ് തന്നെ പട്ടത്തിനടുത്ത് കേദാരം നഗറില് 2012 ല് ഒരു വാടക കെട്ടിടത്തില് ഹോസ്റ്റല് സംവിധാനം ഏര്പ്പെടുത്തി അഭയകേന്ദ്രം പ്രവര്ത്തനം ആരംഭിച്ചു.
SKEAയുടെ സഹകരണത്തോടെ അഭയകേന്ദ്രത്തിന്റെ ആദ്യ ഘട്ടത്തിന്റെ പണി 2013 ല് പൂര്ത്തിയായി. 2013 മെയ് മാസത്തില് അഭയകേന്ദ്രം ചാരിറ്റബിള് സൊസൈറ്റി രജിസ്റ്റര് ചെയ്ത് അതിന്റെ കീഴില് അഭയകേന്ദ്രത്തിന്റെ പ്രവര്ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റി. മൂന്ന് നില കെട്ടിടത്തില് രോഗികള്ക്കും കൂട്ടിരിപ്പുകാര്ക്കുമായി 150 പേര്ക്കാണ് സൗകര്യമുണ്ടായിരുന്നത്. അന്തേവാസികളായ രോഗികള്ക്കും കൂട്ടിരിപ്പുകാര്ക്കും സൗജന്യ താമസം, പ്രത്യേകം തയാറാക്കിയ മെനു പ്രകാരം മൂന്നു നേരം ഭക്ഷണം, രോഗികള്ക്ക് പാല് എന്നിവ നല്കി വന്നു.
2015 ല് സ്ഥിര വരുമാനം കൂടി ലക്ഷ്യമാക്കി രണ്ട് പുതിയ നിലകള് നിര്മിച്ച് അഭയകേന്ദ്രത്തിന്റെ പ്രവര്ത്തനം വിപുലീകരിച്ചു. രണ്ടാം ഘട്ടത്തില് പുതുതായി 75 പേര്ക്ക് കൂടി താമസ സൗകര്യം ഏര്പ്പെടുത്തത്തിയതോടെ പ്രതിദിനം 270 ഓളം പേര് സ്ഥാപനത്തിന്റെ സൗകര്യം പ്രയോജനപ്പെടുത്തിവരുന്നു.
കുട്ടികള്ക്ക് മാത്രമായുള്ള പുതിയ ബ്ലോക്കിന്റെ പണിയാണ് മൂന്നാം ഘട്ടമായി ഏറ്റെടുത്തിട്ടുള്ളത്. സുമനസ്സുകളുടെ സഹായത്താല് കുട്ടികള്ക്കുള്ള അഭയകേന്ദ്രം പ്രവര്ത്തനക്ഷമമാക്കാന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.